കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും മണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മന്നം മുതൽ ചെറായി വരെയുള്ള നാല്പതിനായിരത്തോളം കുടുംബങ്ങൾ നേടിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാണ് പറവൂർ ശാന്തിവനത്തിലൂടെ ടവർ നിർമ്മിച്ച് വൈദ്യുതി ലൈൻ പദ്ധതി നടപ്പാക്കാൻ കെഎസ്ഇബി പണി തുടങ്ങിയത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തിൽ നിന്നും അൻപതോളം മരങ്ങൾ മുറിച്ചതോടെയാണ് പദ്ധതി വിവാദമായത്.
ശാന്തിവനം ജൈവ വൈവിധ്യ കേന്ദ്രം ഇല്ലാതാക്കുന്ന കെഎസ്ഇബിയുടെ നിര്‍മ്മാണങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ശക്തമായിരുന്നു. പരിസ്ഥിതി അനുകൂല വികസനങ്ങള്‍ മുന്നോട്ടുവച്ച് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ നടക്കുന്ന പരിസ്ഥിതി ദോഷ പദ്ധതികളുടെ ഉദാഹരണമാണ് ശാന്തിവനം എന്ന തരത്തിൽ പ്രതിരോധം ശക്തമായിരുന്നു.
എന്നാൽ ഇതിനോടകം കോടികൾ ചിലവഴിച്ചു കഴിഞ്ഞെന്നും എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിന് മുമ്പ് ഇത്തരം എതിർപ്പുകൾ സാധാരണമാണെന്നും മന്ത്രി പറഞ്ഞു.