കൊച്ചി: കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷന്‍റെ മെഗാ അദാലത്തിൽ 19 പരാതികൾ തീർപ്പാക്കി. 88 പരാതികൾ പരിഗണിച്ചു. ഏഴ് പരാതികൾ പൊലീസ് അന്വേഷിക്കും. തീർപ്പാക്കാൻ സാധിക്കാത്തതും വാദിയോ പ്രതിയോ ഹാജരാക്കാത്തത് മൂലവും 62 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി.
തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്വത്ത് തട്ടിയെടുത്ത് മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെയും അദാലത്തില്‍ നടപടി സ്വീകരിച്ചു. സഹ അധ്യാപകനെതിരെ അധ്യാപിക നൽകിയ പരാതിയിൽ തീർപ്പ് കൽപ്പിക്കുന്നതിന് ഡിപിഐയുടെ അന്വേഷണ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടു. ഗവൺമെന്‍റ് എൽ പി സ്കൂൾ പരിസരത്ത് ടെക്നിക്കൽ സ്കൂളിലെ വർക്ക് ഷോപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ പ്രധാനാധ്യാപിക നൽകിയ പരാതിയിൽ കമ്മിഷൻ സ്ഥലം സന്ദർശിക്കും.
അദാലത്തിൽ കമ്മീഷൻ ചെയർപേഴ്‌സണ്‍ എം സി ജോസഫൈൻ, അംഗങ്ങളായ അഡ്വക്കേറ്റ് ഷിജി ശിവജി, അഡ്വക്കേറ്റ് ഡയറക്ടർ വി എം കുര്യാക്കോസ്, ഇ എം രാധ തുടങ്ങിയവർ പങ്കെടുത്തു.