ന്യൂഡല്‍ഹി: വിവാഹ ആലോചന സൈറ്റുകള്‍ വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് 34 കാരനായ അഞ്ചിത് ചൗള അറസ്റ്റിലായത്. വ്യവസായിയാണെന്ന വ്യാജേനയാണ് ഇയാള്‍ വിവാഹ ആലോചന സൈറ്റുകള്‍ വഴി സ്ത്രീകളെ പരിചയപ്പെട്ട് ഇവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
ഒരു സ്ത്രീ താന്‍ കബിളിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറംലോകം അറിയുന്നത്. 2018 ഡിസംബറിലാണ് പ്രതി പരാതിക്കാരിയായ സ്ത്രീയുമായി പരിചയത്തിലായത്. ഡല്‍ഹിയില്‍ സ്വന്തമായി ബഡ്ഷീറ്റ് ഫാക്ടറിയുണ്ടെന്നും ആഡംബര കാറുകള്‍ വാടകക്ക് കൊടുക്കുന്ന ബിസിനസും തനിക്കുണ്ടെന്നും പ്രതി അഞ്ചിത് ചൗള അവകാശപ്പെട്ടിരുന്നതായി പരാതിക്കാരിയായ സ്ത്രീ പൊലീസിനോട് പറഞ്ഞു. സൗഹൃദത്തിലായ ശേഷം പ്രതി ഫോണ്‍വിളിച്ച് സംസാരിച്ചിരുന്നതായും ചെറിയ തുകകകള്‍ കടമായി ആവശ്യപ്പെട്ടിരുന്നതായും സ്ത്രീ പറഞ്ഞു. തന്‍റെ സൗഹൃദം നേടിയ ശേഷം ബിസിനസിലുണ്ടായ നഷ്ടം നികത്താന്‍ ഇയാള്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ആവശ്യപ്പെട്ടതായും സ്ത്രീ പറഞ്ഞു.
വിവാഹം കഴിക്കാമെന്ന വ്യാജേന 2019 ഡിസംബർ വരെയുള്ള കാലയളവിനുള്ളില്‍ പ്രതി 17 ലക്ഷം രൂപ പരാതിക്കാരിയായ സ്ത്രീയെ കബളിപ്പിച്ച് സ്വന്തമാക്കിയിരുന്നുവെന്നും സ്ത്രീ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ പ്രതി അവളെ ഒഴിവാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടാതിരിക്കാന്‍ പ്രതി വിവിധ പേരുകളിലുള്ള നിരവധി പ്രൊഫൈലുകള്‍ വിവാഹ ആലോചന സൈറ്റില്‍ തയ്യാറാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.
സമാനമായ മറ്റ് നാല് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി ചീഫ് ആയി വേഷമിട്ട് ഒരു ഡോക്ടറില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിരവധി ജ്വല്ലറി ഉടമസ്ഥരെയും വിവിധ വേഷങ്ങളിലെത്തി പ്രതി അഞ്ചിത് ചൗള കബിളിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കൈവശം നിന്ന് ഒരു ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ, കാർ, ആധാർ കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.