കൊല്‍ക്കത്ത: 1905ലെ ബംഗാൾ വിഭജനം ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ മുറിവുകൾ വലുതാണ്. രാഷ്ട്രീയമായും സാമൂഹികമായും ബംഗാൾ വളരെയേറെ മുന്നോട്ട് സഞ്ചരിച്ചെങ്കിലും വിഭജനത്തിന്‍റെ മുറിപ്പാടുകൾ പലപ്പോഴായി തെളിഞ്ഞുവരാറുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോൺഗ്രസും പിന്നീട് സിപിഎമ്മും ഉഴുതുമറിച്ച ബംഗാൾ രാഷ്ട്രീയം ഇപ്പോൾ മമതാ ബാനർജിക്കൊപ്പമാണ്. 35 വർഷത്തെ സിപിഎമ്മിന്‍റെ തുടർഭരണത്തെ 2011ല്‍ മറിച്ചിട്ട മമതയ്ക്ക് തുണയായത് നന്ദിഗ്രാം പോലുള്ള ഭൂസമരങ്ങളാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏറെ വേരോട്ടം ഉണ്ടെന്ന് വിശ്വസിച്ചിരുന്ന ബംഗാൾ വളരെ വേഗം തൃണമൂല്‍ കോൺഗ്രസിനൊപ്പം ചേർന്നു. പിന്നീട് കഴിഞ്ഞ എട്ട് വർഷം മമതാ ബാനർജി എന്ന തൃണമൂല്‍ നേതാവ് പറഞ്ഞത് മാത്രം കേട്ടാണ് ബംഗാളിന്‍റെ രാഷ്ട്രീയ സാമൂഹിക പരിസരം മുന്നോട്ട് പോയത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ പയറ്റിയ വിഭജന രാഷ്ട്രീയം ബംഗാളിലേക്ക് പടർത്താൻ ശ്രമിച്ചെങ്കിലും ഒരു പരിധി വരെ ബിജെപിക്ക് അതു സാധിച്ചിരുന്നില്ല. അവിടേക്കാണ് ഡോക്ടർമാരുടെ സമരത്തിന്‍റെ രൂപത്തില്‍ മമത സർക്കാരിന് എതിരെ പ്രതിഷേധം രൂപപ്പെടുന്നത്. പതിവിന് വിപരീതമായി ഡോക്ടർമാരുടെ സമരത്തിന് ഇന്ത്യയിലെ മുഴുവൻ ഡോക്ടർ സമൂഹത്തിന്‍റെയും പിന്തുണ ലഭിച്ചതോടെ വിഷയം മമതയുടെ കൈവിട്ടു. രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ച സംഭവം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിക്ക് എതിരായി മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നത് കേവലം യാദൃശ്ചികതയല്ല. ബംഗാൾ രാഷ്ട്രീയത്തില്‍ മുന്നേറാൻ ബിജെപിക്ക് ലഭിച്ച ഏറ്റവും മികച്ച രാഷ്ട്രീയ അവസരമാണ് ഡോക്ടർമാരുടെ സമരം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സമരം ആറ് ദിവസം പിന്നിട്ടതോടെ ബംഗാളിലെ ആശുപത്രികളില്‍ വലിയ രീതിയില്‍ രോഗികൾ ബുദ്ധിമുട്ടിലായി. ബംഗാൾ മുഖ്യമന്ത്രിയുടെ ഏകാധിപത്യ പരമായ നിലപാടുകൾ കൂടിയായതോടെ സമരം പൂർണമായും മമത ബാനർജി സർക്കാരിന് എതിരായ വികാരമായി. ജോലി രാജിവെച്ചും ഭീഷണിക്ക് വഴങ്ങാതെയും ഡോക്ടർമാർ ഒരു മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ സമരത്തിന് ശക്തമായ രഹസ്യ പിന്തുണ വൻ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. ബംഗാൾ ഗവർണറും കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ നേരിട്ട് ഇടപെടുമ്പോഴും മമത പ്രതികരിക്കാതെ മാറി നടന്നതും ധാർഷ്ട്യം നിറച്ച നിലപാടുകൾ കൊണ്ട് സമരത്തെ ആക്ഷേപിക്കുകയും ചെയ്തു.
2014ല്‍ രണ്ട് സീറ്റുകൾ മാത്രം നേടിയ ബിജെപി 2019ല്‍ ബംഗാളില്‍ നിന്ന് 18 സീറ്റുകൾ നേടി ലോക്സഭയിലേക്ക് പോകുമ്പോൾ ലക്ഷ്യമിടുന്നത് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ്. സിപിഎമ്മിന്‍റെ വേരറുത്ത് ബംഗാളില്‍ അധികാരം പിടിക്കാൻ മമതയ്ക്ക് സഹായകരമായത് നന്ദിഗ്രാം സമരമാണെങ്കില്‍ ഡോക്ടർമാരുടെ സമരം ബിജെപിക്ക് നല്‍കുന്ന ആനുകൂല്യം ചെറുതല്ല. ജനകീയ പരിവേഷത്തിനപ്പുറം മമത ഏകാധിപതിയാണെന്ന ആരോപണങ്ങൾ മറനീക്കി വാസ്തവത്തിലേക്ക് എത്തിക്കാനും ബിജെപിക്ക് കഴിഞ്ഞു. സിപിഎമ്മിനോട് കളിച്ച കളികൾ കൊണ്ട് മമതയ്ക്ക് ബംഗാളില്‍ ഇനി പിടിച്ചു നില്‍ക്കാനാകില്ല. ബിജെപിയുടെ കടന്നുവരവോടെ ശക്തമായ വിഭജന രാഷ്ട്രീയമാകും മമത ഇനി പയറ്റുക. ഇടതുപക്ഷ രാഷ്ട്രീയം ഉഴുതു മറിച്ച കൊല്‍ക്കൊത്തയുടെ സാസ്കാരിക ഭൂമികയില്‍ ബിജെപിയും മമതയും നേർക്കു നേർ വരുമ്പോൾ രാഷ്ട്രീയ പോരാട്ടത്തിനപ്പുറത്തേക്കാണ് കാര്യങ്ങൾ പോകുന്നത്.