ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ശേഷം ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ ലിവര്‍പൂളിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ദുര്‍ബലരായ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. സീസണില്‍ ഹോം ഗ്രൗണ്ടില്‍ 17മത്തെ തുടര്‍ വിജയമാണ് ചെമ്പട സ്വന്തമാക്കിയത്. 71ാം മിനുട്ടില്‍ സാദിയോ മാനെയും നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ കുര്‍ട്ടിസ് ജോണ്‍സും ലിവര്‍പൂളിനായി ഗോളുകള്‍ നേടി. ഇപിഎല്ലില്‍ രണ്ട് ഹോം മത്സരങ്ങള്‍ കൂടി ലിവര്‍പൂളിന് അവശേഷിക്കുന്നുണ്ട്. ചെല്‍സിക്കും ബേണ്‍ലിക്കും എതിരെയാണ് മത്സരങ്ങള്‍. ഇരു മത്സരങ്ങളിലും വിജയിച്ചാല്‍ ഒരു സീസണിലെ 19 ഹോം മത്സരങ്ങളിലും വിജയിക്കുന്ന ആദ്യ ക്ലബെന്ന റെക്കോഡ് ലിവര്‍പൂളിന് സ്വന്തമാക്കാനാകും. 19 ഹോം മത്സരങ്ങളിലും ഇതേവരെ ഇപിഎല്ലില്‍ ഒരു ക്ലബും വിജയിച്ചിട്ടില്ല.
കിക്കോഫിന് മുന്നോടിയായി ആസ്റ്റണ്‍ വില്ലയുടെ താരങ്ങളും മാച്ച് ഒഫീഷ്യല്‍സും ചേര്‍ന്ന് ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരിച്ചു. നേരത്തെ ഇപിഎല്‍ ചാമ്പ്യന്‍മാരായ ശേഷം കളിച്ച ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയിരുന്നു. ഈ തോല്‍വിയുടെ ക്ഷീണം തീര്‍ക്കല്‍ കൂടിയായി മാറി ആസ്റ്റണ്‍ വില്ലക്ക് എതിരായ മത്സരം.