ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ വെര്‍ച്വല്‍ ഹിയറിങില്‍ അഭിഭാഷകന്‍ ഹാജരായത് കോടതി മര്യാദകള്‍ പാലിക്കാതെ. കോടതി മര്യാദകള്‍ പാലിക്കാതെയുള്ള അഭിഭാഷകന്‍റെ പെരുമാറ്റം നിരീക്ഷിച്ച കോടതി ഇയാളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ക്ഷമാപണത്തിന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടിനെ അഭിഭാഷകന്‍ ക്ഷമാപണം അറിയിച്ചു. ടീഷര്‍ട്ട് ധരിച്ച് കട്ടിലില്‍ കിടന്നുകൊണ്ടാണ് അഭിഭാഷകന്‍ സുപ്രീംകോടതിയുടെ വെര്‍ച്വല്‍ ഹിയറിങില്‍ പങ്കെടുത്തത്. ഹരിയാനയിലെ റെവാരിയിലെ ഒരു കുടുംബ കോടതിയിലെ കേസ് ബീഹാറിലെ ജെഹാനാബാദിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെയാണ് സംഭവം.
കൊവിഡിനെ തുടര്‍ന്ന് സുപ്രീംകോടതി അടച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുപ്രീംകോടതി വാദങ്ങള്‍ കേള്‍ക്കുന്നത്. ഏപ്രിലില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ വെര്‍ച്വല്‍ ഹിയറിങില്‍ ഇത്തരത്തില്‍ കോടതി മര്യാദകള്‍ പാലിക്കാതെ ഒരു അഭിഭാഷകന്‍ പങ്കെടുത്തത്തിനെ കോടതി താക്കീത് ചെയ്തിരുന്നു.