ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ അവസാന സംഘം നാളെ പുറപ്പെടും. ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. 183 പേരാണ് നാട്ടിലേക്കെത്താൻ സന്നദ്ധതയറിയിച്ചത്. ഇതിൽ 50 പേർ ബെംഗളൂരു സ്വദേശികളാണ്. ഇന്ത്യയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന 14 ദക്ഷിണാഫ്രിക്കക്കാരും യാത്രയിൽ ഉണ്ടാകും.
സാമൂഹിക-സാംസ്കാരിക ഗ്രൂപ്പായ ഇന്ത്യ ക്ലബ് ആണ് യാത്ര സംഘടിപ്പിക്കുന്നത്. ജീവിതത്തിലെ നിർഭാഗ്യകരമായ നിമിഷങ്ങളാണ് കടന്നുപോകുന്നതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഇന്ത്യ ക്ലബ് വൈസ് പ്രസിഡന്‍റ് ജോൺ ഫ്രാൻസിസ് പറഞ്ഞു.