കണ്ണൂർ: കുറ്റ്യാടി ഇറിഗേഷൻ പദ്ധതി കനാലിന്‍റെ അക്വഡൈറ്റ് അപകടാവസ്ഥയിൽ.
വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലം എത്തിക്കുന്ന കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാലിന്‍റെ ചവറംമൂഴി പ്രഷർ അക്വഡൈറ്റിനാണ് ദ്വാരം രൂപപെട്ട് ശക്തമായ ചോർച്ചയുണ്ടായിരിക്കുന്നത്. അക്വഡൈറ്റിന്‍റെ കോൺക്രീറ്റ് പൊട്ടിയതിനെ തുടർന്ന് ശക്തമായി ജലം പുറത്തേക്ക് ഒഴുകുകയാണ്.
ചവറംമൂഴി പുഴയ്ക്ക് കുറുകെ നിർമ്മിച്ച പ്രഷർ അക്വഡൈറ്റ് പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച കാണപ്പെടുന്നുണ്ട്. മണൽ ചാക്കുകൾ കൊണ്ട് ദ്വാരത്തിലൂടെ പുറത്തേക്കുള്ള ജലമൊഴുക്ക് തടയാൻ ഇറിഗേഷൻ അധികൃതർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കനാലിന് തകരാർ സംഭവിച്ചാൽ വടകര താലൂക്കിലെ കുടിവെള്ള പ്രശ്നം രൂക്ഷമാകും. അക്വഡൈറ്റിന്റെ അടുത്തായി തന്നെ ഉയർന്ന പ്രദേശത്ത് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുണ്ടാകുന്ന സ്ഫോടനങ്ങളും അക്വഡൈറ്റിനെ ബാധിച്ചിട്ടുണ്ട്.