ഹൈദരാബാദ്: കളിക്കളത്തിന് അകത്തും പുറത്തും മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെയുടെ വ്യക്തിത്വം വ്യത്യസ്ഥമായിരുന്നുവെന്ന് പ്രാഗ്യാന്‍ ഓജ. ലഗ് സ്പിന്നറായ ഓജ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കളിക്കളത്തില്‍ ആക്രമണോത്സുകമായ ശൈലി പിന്തുടര്‍ന്ന കുംബ്ലെ പുറത്ത് തീര്‍ത്തും ശാന്തനായാണ് പെരുമാറുകയെന്ന് ഓജ പറഞ്ഞു.
മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിന്‍ കീഴിലാണ് ഓജ തന്‍റെ അന്താരാഷ്ട്ര കരിയര്‍ പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നീ മുന്‍ താരങ്ങളോടൊപ്പവും വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ നലവിലെ താരങ്ങള്‍ക്കൊപ്പവും അദ്ദേഹത്തിന് കളിക്കാനായി. സച്ചിന്‍റെ ശൈലി തീര്‍ത്തും വ്യത്യസ്ഥമായിരുന്നുവെന്നും ഓജ പറഞ്ഞു. അദ്ദേഹം ശാന്തനായി കാണപ്പെട്ടപ്പോള്‍ ധോണിയും കോലിയും മത്സര ബുദ്ധിയോടെ കളിയെ സമീപിച്ചു. പക്ഷേ ധോണിയുടെയും കോലിയുടെയും കളിയോടുള്ള സമീപനം തീര്‍ത്തും വ്യത്യസ്ഥമായിരുന്നുവെന്നും ഓജ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് വേണ്ടി 24 ടെസ്റ്റും 18 ഏകദിനങ്ങളും ആറ് ടി20യും കളിച്ച പ്രാഗ്യാന്‍ ഓജ 144 വിക്കറ്റുകള്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ഓജ 113 വിക്കറ്റുകളാണ് ഓജയുടെ അക്കൗണ്ടിലുള്ളത്. 2008 ജൂണില്‍ കറാച്ചില്‍ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.