തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിയുടെ കോളേജ് മാറ്റം സംബന്ധിച്ച് തീരുമാനം സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ വിദ്യാർഥിനിക്ക് ടിസി നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കും. തുടർ പഠനത്തിന് വർക്കല എസ് എൻ കോളജിലേക്ക് മാറുന്നതിന് താല്പര്യം അറിയിച്ച് വിദ്യാർഥിനി വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് ടി സി ആവശ്യപ്പെട്ടത്. എന്നാൽ തുടർപഠനത്തിനായുള്ള കോളേജ് വ്യക്തമാക്കാത്തതിനാൽ അധികൃതര്‍ ടിസി നൽകിയിരുന്നില്ല. കോളേജ് മാറ്റത്തിന് വൈസ് ചാൻസലറുടെ സ്പെഷ്യൽ ഓർഡര്‍ വേണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയെ കാണുകയും കോളേജ് മാറ്റത്തിനുള്ള താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു.