തിരുവനന്തപുരം: പരീക്ഷയെഴുതി നാലു വർഷം കഴിഞ്ഞിട്ടും കെഎസ്ആർടിസി ഡ്രൈവർ തസ്തികയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ. റിസർവ് ഡ്രൈവർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രായ പരിധി അവസാനിച്ച പലർക്കും അവസരം നഷ്ടമാകുന്ന അവസ്ഥയിൽ പി എസ് സി - കെഎസ്ആർടിസി ഒത്തുകളിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
2014ലാണ് റിസർവ് ഡ്രൈവർ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചത്. വിവിധ സ്ഥാപനങ്ങളിലെ പ്രതീക്ഷിത ഒഴിവിലേക്ക് ക്ഷണിച്ച അപേക്ഷയിൽ 2015 മെയ് മാസം പരീക്ഷ നടത്തി. മറ്റു വകുപ്പുകൾ പ്രാക്ടിക്കൽ ടെസ്റ്റും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ കെഎസ്ആർടിസി നിലവിലുള്ള ഒഴിവുകളെക്കുറിച്ച് കൃത്യമായ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെട്ട പ്രായപരിധി കഴിഞ്ഞ പലരും അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരെയും സംഘടിപ്പിച്ച് സമരത്തിന് ഇറങ്ങാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.