കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോർജിനെ ഇന്ന് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കും.സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരനു ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ സജിക്ക് മുഖ്യപ്രതി പീതാംബരനുമായി നല്ല അടുപ്പമുണ്ട്. ഇയാള്‍ സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.
സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത്വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കാറിൽ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്‍റെതെളിവുകളും ലഭിച്ചിച്ചിരുന്നു. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത് അന്വഷണം വഴിമുട്ടിക്കുന്നുണ്ട്. അതേസമയം, കൊലക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകൾ കോൺഗ്രസ് നേതാവ് വി എം സുധീരൻ ഇന്ന് സന്ദർശിക്കും.