കൊല്ലം: കുണ്ടറ മാമൂട് ജങ്ഷന് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികനായ കേരളപുരം പുനിക്കന്നൂർ ആണിപള്ളി വിളയിൽ വീട്ടിൽ നിതിൻ (25) മരിച്ചു.
അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. നിതിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന വിദ്യാർഥികളായ നാല് പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേർ പെൺകുട്ടികളാണ്. യാത്രക്കാരിൽ ഒരാൾ ഹാൻഡ്‌ബ്രേക്ക് പിടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. വാഹനം അമിതവേഗതയില്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.