കൊച്ചി: ഐഎസ് കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്റെ ജാമ്യപേക്ഷ എൻഐഎ കോടതി തള്ളി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ടതിനു ശേഷമാണ് കോടതിയുടെ നടപടി.
എൻഐഎ കോടതിയുടെ നിർദ്ദേശപ്രകാരം അന്വേഷണ പുരോഗതി വിലയിരുത്തുന്ന ഓഡിയോ ക്ലിപ്പും രണ്ട് ലക്ഷത്തിൽപ്പരം പേജുകളുള്ള രേഖകളും അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് ഐഎസ് സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് അന്വേഷണസംഘം കോടതിയിൽ കൈമാറിയത്.
അതേസമയം റിയാസിന് ഐഎസ് സംഘടനയുമായി നേരിട്ട് ബന്ധമില്ലെന്നും, പ്രതിക്കെതിരെ കൊണ്ടു വന്ന എല്ലാ ആരോപണങ്ങളും നിലനിൽക്കാത്തതാണെന്നും, റിക്രൂട്ട്മെൻറ് നടത്തി ആളുകളെ സിറിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ബി എ ആളൂർ കോടതിയിൽ വാദിച്ചിരുന്നു.
പ്രതിക്ക് ഐഎസ് സംഘടനയുമായും, ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ ഒന്നു മുതൽ 16 വരെയുള്ള പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നും, അന്വേഷണത്തിന്റെ പ്രാരംഭഘട്ടമായതിനാൽ പ്രതിയുടെ ജാമ്യപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷൻ വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.