കൊച്ചി: പ്രളയ ദുരിതബാധിതർക്ക് സർക്കാരിന്റെ ധനസഹായം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഗൃഹസമ്പർക്ക പദ്ധതി വഴി പരിഹാരം കാണുമെന്ന് ബിജെപി മഹിളാമോർച്ച ജില്ലാ പ്രസിഡൻറ് പത്മജ എസ് മേനോൻ.
പ്രളയം മനുഷ്യനിർമ്മിതമെന്ന് വിദഗ്ധർ പറയുമ്പോഴും മഴയെ പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് സർക്കാർ. ദുരിതാശ്വാസത്തിനായി ചെലവഴിച്ച തുകയെ കുറിച്ചും പ്രളയത്തിൽ ദുരിതമനുഭവിച്ചവരുടെ കണക്കിനെ കുറിച്ചും പൊതുജനമധ്യത്തിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും ആദ്യ വാഗ്ദാനമായ പതിനായിരം രൂപ പോലും പലർക്കും ലഭിച്ചിട്ടില്ല. പാർട്ടിക്ക് അതീതമായി ഏവർക്കും അവകാശപ്പെട്ട ധനസഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രളയ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ബിജെപി മഹിളാമോർച്ച ഹെൽപ്പ് ഡെസ്കും ഗൃഹസമ്പർക്കം പദ്ധതി തുടങ്ങുന്നതെന്ന് പത്മജ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും, പ്രധാനപ്പെട്ട രേഖകളും നഷ്ടപ്പെട്ടതും പുതിയത് കിട്ടാത്തവരുമായവർ ധാരാളമുണ്ട്. ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് സർക്കാർ കാണിക്കുന്നതെന്നും പത്മജ കുറ്റപ്പെടുത്തി.