മൂവാറ്റുപുഴ: സംസ്ഥാന കൃഷി വകുപ്പിന്‍റെ അഗ്രോ സർവീസ് സെന്‍റർ പ്രവർത്തനത്തിന് ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുന്നതോടെ ഇ ഇ സി മാർക്കറ്റിൽ അഗ്രോ സെന്റർ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
മൂവാറ്റുപുഴ നഗരസഭയും പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകളും പ്രവർത്തനമേഖലയാക്കി കൊണ്ട് ആരംഭിക്കുന്ന സർവീസ് സെന്‍റർ, നിലവിൽ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്.
കാർഷിക മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങളും മനുഷ്യവിഭവശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രധാനലക്ഷ്യം. ട്രാക്ടർ, ട്രില്ലർ, ഗാർഡൻ ടില്ലർ, പമ്പ് സെറ്റ്, കാട് വെട്ടുന്ന യന്ത്രം, തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രം തുടങ്ങിയവ അഗ്രോ സർവീസ് സെന്ററിൽ നിന്നും കർഷകർക്ക് ലഭ്യമാക്കും. കൃഷിപ്പണി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ടെക്നീഷ്യന്മാരേയും ഇതിനോടകം ഒരുക്കി കഴിഞ്ഞു.
തൊഴിലാളികളുടെയും കാർഷിക ഉപകരണങ്ങളുടെയും ലഭ്യതക്കുറവ് പരിഹരിക്കാന്‍ സര്‍വീസ് സെന്‍ററിന്‍റെ പ്രവര്‍ത്തനം സഹായകമാകും. കാർഷിക മേഖലയിൽ കൂടുതൽ ഇടപെടുന്നതിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.