കോട്ടയം: കെഎം മാണിക്ക് ശേഷം ജോസ് കെ മാണിയെ ചെയർമാൻ ആക്കണം എന്ന ആവശ്യവുമായി കേരളകോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. കെഎം മാണിയുടെ നിര്യാണത്തിനുശേഷം പാർട്ടിയുടെ സുപ്രധാന യോഗം തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് പാർട്ടിയിലെ 10 ജില്ലാ പ്രസിഡന്‍റുമാർ വൈസ് ചെയർമാൻ ജോസ് കെ മാണിയെ ചെയർമാൻ ആക്കണം എന്ന ആവശ്യവുമായി ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസിനെ കണ്ടത്.
ഡെപ്യൂട്ടി ചെയർമാനായ സി എഫ് തോമസ് പാർലമെന്‍ററി നേതാവ് ആകണമെന്നും, പാർട്ടിയിലെ ഈ രണ്ടു സ്ഥാനങ്ങൾ മറ്റാർക്കും വിട്ടു നൽകാനാകില്ലെന്നും നേതാക്കൾ തോമസിനെ അറിയിച്ചു. ജോസ് കെ മാണിയുമായി ചർച്ച നടത്തിയതിനു ശേഷമാണ് ഇവർ സി എഫ് തോമസിനെ കണ്ടത്. കോട്ടയം സീറ്റിനായി പിജെ ജോസഫ് ആവശ്യം ഉന്നയിച്ചപ്പോഴും ഇതേ നേതാക്കൾ തന്നെയായിരുന്നു ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നത്.
എന്നാല്‍ നേതാക്കളുടെ ആവേശത്തോട് വ്യക്തമായി പ്രതികരിക്കാതെ സി എഫ് തോമസ് ഒഴിഞ്ഞുമാറി. പ്രശ്നങ്ങളും ആശയങ്ങളും പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് യോജിപ്പിലും സമവായത്തിലും എത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് ജില്ലാ പ്രസിഡന്‍റുമാർ വന്ന് കണ്ടിരുന്നു എന്നും അവരുടെ ആവശ്യങ്ങളിൽ പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രത്യക്ഷ നീക്കത്തിൽ സിഎഫ് തോമസിന് അതൃപ്തി ഉള്ളതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞദിവസം പി ജെ ജോസഫ് നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാക്കളിൽ ഒരു വിഭാഗം ജോസ് കെ മാണി അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത്. കോട്ടയം സീറ്റ് തർക്കത്തെ തുടർന്ന് പി ജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ശമിച്ചിരുന്നെങ്കിലും കെഎം മാണിയുടെ നിര്യാണത്തോടെ അനാഥമായ ചെയർമാൻ സ്ഥാനത്തിനായി വീണ്ടും തർക്കം ഉയരും എന്നത് വ്യക്തമായിരുന്നു. കടുത്ത നിലപാടുമായി പാർട്ടിയിലെ ഒരു വിഭാഗം തന്നെ കലാപക്കൊടിയുയർത്തിയതോടെ വരും ദിവസങ്ങളിൽ തർക്കം രൂക്ഷം ആകുമെന്നാണ് സൂചന.