പത്താന്‍കോട്ട്: ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി നാളെ വിധി പറഞ്ഞേക്കും. 275 ഓളം സിറ്റിങ്ങുകൾ ഉണ്ടായ കേസിൽ 132 സാക്ഷികളെ വിസ്തരിച്ചു.
ഇരയുടെ കുടുംബത്തിന്‍റെ ഹർജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മു കശ്മീരില്‍ നിന്നും പത്താന്‍കോട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലില്‍ കേസില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ചില അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് ജമ്മുകശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റാന്‍ കുടുംബം ആവശ്യപ്പെട്ടത്.
2018 ജനുവരി 17നാണ് പെണ്‍കുട്ടിയെ സമീപത്തെ ക്ഷേത്രത്തില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കാന്‍ കേസിലെ മുഖ്യപ്രതി സഞ്ചി റാമിന്‍റെ കയ്യില്‍ നിന്നും നാല് ലക്ഷം രൂപ വാങ്ങി എന്ന കുറ്റത്തിന് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിനെയും സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്തയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരെ രണ്ട് പേരെയും പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.