കാസർകോട്: കാസർകോട് പരപ്പ മുണ്ടത്തടത്തെ ക്വാറിക്കെതിരായ സമരത്തിൽ രാഷ്ട്രീയ കക്ഷികളും കൈകോർക്കുന്നു. പ്രാദേശിക ബിജെപി നേതൃത്വം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചതിനു പിന്നാലെ യുഡിഎഫ് 24 മണിക്കൂർ രാപ്പകൽ സമരവും ആരംഭിച്ചു.
ഒരു നാടിനെയാകെ ദുരിതത്തിലേക്ക് തള്ളി വിട്ടു കൊണ്ടുള്ള ക്വാറിയുടെ പ്രവർത്തനത്തിനെതിരെ പ്രദേശവാസികൾ സംഘടിച്ചു തുടങ്ങിയ രാപ്പകൽ സമരം പത്ത് ദിവസം പിന്നിടുമ്പോഴാണ് രാഷ്ട്രീയകക്ഷികളും സമരത്തിന്‍റെ ഭാഗമാകുന്നത്. പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഡിഎഫ് നേതൃത്വവും രാപ്പകൽ സമരവുമായി രംഗത്തെത്തി. യുഡിഎഫിന്‍റെ 24 മണിക്കൂർ രാപ്പകൽ സമരം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബിജെപി പ്രവർത്തകരും പരപ്പ മുണ്ടത്തടത്ത് എത്തിയിരുന്നു. ക്വാറി പ്രവർത്തനത്തെ തുടർന്ന് ഭീതിയോടെയാണ് ഇപ്പോൾ മുണ്ടത്തടം കോളനിവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. കരിങ്കൽ പൊടിക്കുന്നതിനായി സ്ഫോടനം നടത്തുമ്പോൾ സമീപത്തെ വീടുകളിൽ വിള്ളൽ സംഭവിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന അവകാശവാദവുമായി ക്വാറി ഉടമയും രംഗത്തെത്തി. ക്വാറി തുടങ്ങുന്ന ഘട്ടത്തിൽ പ്രതിഷേധിക്കാതിരുന്ന നാട്ടുകാർ ഇപ്പോൾ സമരവുമായി രംഗത്ത് വരുന്നതിന് പിന്നിൽ മറ്റു പല ലക്ഷ്യങ്ങളുണ്ടെന്നും ക്വാറിയുടമ ആരോപണം ഉന്നയിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.