കണ്ണൂര്‍: കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നിഷേധിച്ച ആന്തൂർ നഗരസഭക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജൻ. ഉദ്യോഗസ്ഥരുടെ താളത്തിനൊത്ത് തുള്ളുന്നവരാകരുത് ജനപ്രതിനിധികളെന്ന് ചെയർപേഴ്‌സന്‍റെ പേരെടുത്ത് ജയരാജൻ പറഞ്ഞു. അതിനിടെ ആരോപണ വിധേയയായ ആന്തൂർ നഗരസഭ ചെയർപേഴ്‌സണ്‍ പികെ ശ്യാമള രാജി സന്നദ്ധത അറിയച്ചതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യക്തമാക്കി. തളിപ്പറമ്പിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു ആത്മഹത്യ ചെയ്ത സാജൻ. കൺവൻഷൻ സെന്റർ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാനടക്കം പി ജയരാജൻ സാജന് ആവശ്യമായ സഹായം നൽകിയിരുന്നു. ഇതാണ് നഗരസഭ ചെയർപേഴ്‌സണെ പ്രകോപിതയാക്കിയത് എന്നായിരുന്നു സാജന്റെ ബന്ധുക്കളക്കം പറഞ്ഞത്. ഇതോടെയാണ് വസ്തുതകൾ ഓരോന്നായി രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ വ്യക്തമാക്കിയത്. കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകുന്ന വിഷയത്തിൽ ആന്തൂരിലെ ഭരണ സമിതിക്ക് വീഴ്ച സംഭവിച്ചെന്ന് പി ജയരാജൻ തുറന്നടിച്ചു. ജനപ്രതിനിധികളുടെ വാഴ്‌ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല. ഭരണ സമിതിയുടെ വീഴ്‌ച പാർട്ടി പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജയരാജൻ പറഞ്ഞു.
ഉദ്യോഗസ്ഥൻമാരുടെ മേൽ ജനപ്രതിനിധികൾ ഇടപെടണം. ക്രൂരമായ നടപടിയാണ് നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥരും കൈകൊണ്ടത്. സെക്രട്ടറിയും, എൻജിനീയറും, ഓവർസിയർമാരും നിയമനടപടി നേരിടണമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. അതിനിടെ ആന്തൂർ നഗരസഭ ചെയർപേഴ്‌സണ്‍ പികെ ശ്യാമള രാജിക്ക് ഒരുങ്ങിയത് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ സ്ഥിരീകരിച്ചു. ഈ കാര്യം പാർട്ടി പരിശോധിക്കുമെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എം വി ജയരാജൻ പറഞ്ഞു.
നേരത്തെ രാജി സന്നദ്ധത സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും പികെ ശ്യാമള അത് നിഷേധിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചെയർപേഴ്സണ് എതിരെ നടപടി എടുത്തേക്കും. അതിനിടെ ആന്തൂരിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ സിപിഎം വിഭാഗീയതയാണെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങളുടെ ശ്രമം എന്നാണ് യോഗത്തിൽ നേതാക്കൾ വ്യക്തമാക്കിയത്. എന്നാൽ സിപിഎമ്മിൽ ഇപ്പോൾ വിഭാഗീയതയില്ല എന്ന് മാധ്യമങ്ങൾ മനസിലാക്കണമെന്ന് പി ജയരാജൻ പറഞ്ഞു. അതേസമയം സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യ കൂടിയായ പികെ ശ്യാമളക്കെതിരെ പി ജയരാജൻ പരസ്യമായി രംഗത്ത് എത്തിയതോടെ കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.