കാസര്‍കോട്: പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍റെ ശില്പ ഉദ്യാനത്തിന് വീണ്ടും ജീവന്‍ വെക്കുന്നു. ജില്ലാ പഞ്ചായത്ത് വളപ്പിൽ നിർമാണം നിലച്ച ശില്പ ഉദ്യാനത്തിന്‍റെ പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്ന് കാനായി കുഞ്ഞിരാമന്‍ അറിയിച്ചു. നാലുമാസത്തിനകം ശില്പപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് കാനായി പറഞ്ഞു. എൻഡോസൾഫാൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന അമ്മയും കുഞ്ഞും ശില്പത്തിന്‍റെ പ്രവൃത്തികള്‍ വര്‍ഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു. ശില്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീർ പറഞ്ഞു.
2005 ൽ എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്‍റായ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് ശില്പം നിർമിക്കാൻ തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് അന്ന് ശില്പനിര്‍മാണത്തിനായി നീക്കി വച്ചിരുന്നത്. എന്നാല്‍ ഭരണം മാറിയതോടെ പ്രവൃത്തികളും നിലച്ചു. 17 ലക്ഷം രൂപ ശില്പ നിര്‍മാണത്തിനായി ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.