തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക നിയമനം വഴി തെരഞ്ഞെടുക്കപ്പെട്ട 74 പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡ് തൃശ്ശൂർ പൊലീസ് അക്കാദമിയിൽ നടന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള വനമേഖലയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കാണ് പ്രത്യേക നിയമനം നൽകിയത്. അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രിക അടക്കമുള്ള ആദിവാസി സമൂഹത്തിൽപ്പെട്ടവരാണ് പൊലീസ് സേനയുടെ ഭാഗമായത്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണകുറ്റം ചുമത്തി ആൾക്കൂട്ടം കൊലപ്പെടുത്തിയത്. കേരള പൊലീസിന്‍റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്ന ചന്ദ്രികക്ക് മധു മരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജോലി നല്‍കിയത്. ചന്ദ്രികയെ കൂടാതെ ദേശീയ കബഡിതാരവും ഫുട്ബോൾ ടീമംഗവുമായ എം അശ്വിനി, ജൂഡോ ദേശീയ ടീമംഗം സി ഈശ്വരി എന്നിവരും നിയമനം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
74 പൊലീസ് കോൺസ്റ്റബിൾമാരിൽ 24 പേർ പെൺകുട്ടികളാണ്. നിയമനം നേടിയവരില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം മുതല്‍ യോഗ്യതയുള്ളവര്‍ വരെയുണ്ട്. തീവ്രവാദ പ്രവർത്തനം തടയുന്നതിനുള്ള പരിശീലനം ഉള്‍പ്പെടെയാണ് ഇവർക്ക് നൽകിയത്. ഡിഐജി ട്രെയിനിങ് അനൂപ് കുരുവിള ജോൺ അടക്കമുള്ള ഉദ്യോഗസ്ഥർ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റിനുള്ള ട്രോഫി ഐവി സൗമ്യയും ബെസ്റ്റ് ഔട്ട് ഡോറിനുള്ള ട്രോഫി എം അശ്വതിയും ബെസ്റ്റ് ഇൻഡോറിനുള്ള ട്രോഫി പി അജിലയും ബെസ്റ്റ് ഷൂട്ടർക്കുള്ള ട്രോഫി വി ലിങ്കണും സ്വീകരിച്ചു.