ന്യൂഡല്‍ഹി: രാജ്യത്തുള്ള എല്ലാ ലോക്സഭ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത വലുതാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പാസ്പോർട്ട് സേവ ദിവസിനോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാസ്പോർട്ട് സേവാ കേന്ദ്രങ്ങളില്ലാത്ത എല്ലാ ലോക്സഭ മണ്ഡലങ്ങളിലും കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും 488 ലോക്സഭ മണ്ഡലങ്ങളില്‍ ഇതിനായുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മൂലം വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന പ്രവൃത്തികള്‍ തടസപ്പെടുകയായിരുന്നുവെന്നും എസ്.ജയശങ്കര്‍ പറഞ്ഞു.
മുൻ വർഷങ്ങളെപ്പോലെ തന്നെ എംഇഎയും കേന്ദ്ര പാസ്പോർട്ട് ഓർഗനൈസേഷനും പൗരന്മാർക്ക് സമയബന്ധിതവും വിശ്വസനീയവും സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ പാസ്പോര്‍ട്ടും, പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങളും ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മിഷൻ മോഡ് പ്രോജക്റ്റായ പാസ്പോർട്ട് സേവാ പ്രോഗ്രാം വിജയകരാമായ ഒരു ദശാബ്ദം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌പിക്ക് 93 പാസ്‌പോർട്ട് സേവ കേന്ദ്രങ്ങളും 424 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രങ്ങളും വിപുലീകരിച്ച സംവിധാനങ്ങളുമായി 36 പാസ്പോർട്ട് ഓഫീസുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ മാത്രം 1.22 കോടിയിലധികം പാസ്പോര്‍ട്ടുകള്‍ ഇന്ത്യയിലും വിദേശത്തുമായി പാസ്പോര്‍ട്ട് അധികാരികള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള എംപാസ്പോൺ സേവാ മൊബൈൽ ആപ്പും 'എവിടെ നിന്നും അപേക്ഷിക്കുക' എന്ന പദ്ധതിയും തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനങ്ങളെ ഏറെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സംസ്ഥാന പൊലീസ് അധികാരികളുടെയും സമഗ്രമായ പരിശ്രമത്തിലൂടെ പാസ്പോര്‍ട്ടിന്‍റെ പൊലീസ് വെരിഫിക്കേഷനുള്ള ശരാശരി സമയം 16 ദിവസമായി കുറഞ്ഞുവെന്നും എസ്.ജയശങ്കര്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ സമൂഹത്തിന്‍റെ എല്ലായിടത്തും എത്തിച്ച് ഒരു 'പുതിയ ഇന്ത്യ' കെട്ടിപ്പടുക്കുന്നതിനായാണ് നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടത്താൻ ഇന്ത്യയിലെയും വിദേശത്തേയും എല്ലാ പാസ്പോര്‍ട്ട് ഓഫീസ് അധികാരികളോടും ആവശ്യപ്പെടുകയാണെന്നും എസ്. ജയ്‌ശങ്കർ പറഞ്ഞു. എല്ലാ വർഷവും ജൂൺ 24ആണ് പാസ്‌പോർട്ട് സേവാ ദിവസായി ആചരിക്കുന്നത്. ഇന്ത്യയുടെ പാസ്‌പോർട്ട് നിയമം 1967 ജൂണ്‍ 24നാണ് നടപ്പാക്കിയത്.