ശ്രീനഗർ : തീവ്രവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീന് സഹായം നല്‍കിയ സംഭവത്തില്‍ കശ്‌മീര്‍ പൊലീസ് മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദര്‍ സിങ്ങിനെ ജമ്മു കശ്മീർ ഭരണകൂടം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്‌മീരില്‍ നിന്ന് പുറത്തുകടക്കാന്‍ രണ്ട് ഹിസ്‌ബുള്‍ ഭീകരരെ സഹായിച്ച കുറ്റത്തിന് കഴിഞ്ഞ ജനുവരിയിലാണ് ദവീന്ദര്‍ സിങ് പിടിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോള്‍ എകെ47 തോക്കും രണ്ട് പിസ്‌റ്റളുകളും, നിരവധി വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളുടെ കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമാണ് ലഫ്. ഗവർണർ മനോജ് സിൻഹവീന്ദര്‍ സിങ്ങിനെ സേവനത്തിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം ജമ്മുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എൻഐഎ കുറ്റപത്രത്തിൽ അതിര്‍ത്തി കടന്നെത്തിയ പല ഭീകരര്‍ക്കും ഇയാള്‍ അഭയമൊരുക്കിയിരുന്നുവെന്ന് പറയുന്നുണ്ട്. കൂടാതെ ന്യൂഡല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സമൂഹമാധ്യമങ്ങള്‍ വഴി ദവീന്ദര്‍ സിങ്ങിന് ബന്ധമുണ്ടെന്ന് കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. ഈ ബന്ധം ഉപയോഗിച്ച് പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ദവീന്ദര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
Also read: ദവീന്ദര്‍ സിങ്ങിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു