മാലി: നായകന് കെയിന്‍ വില്യംസണ് ഉള്‍പ്പെടെയുള്ളവരുടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങളുടെയും ടീം ഫിസിയോ ടോമി സിംസെക്കിന്റെയും ക്വാറന്റൈന് മാലിദ്വീപിലേക്ക് മാറ്റി. നേരത്തെ ഡല്‍ഹിയില്‍ പൂര്‍ത്തിയാക്കാനിരുന്ന ക്വാറന്റൈനാണ് മാലിദ്വീപിലേക്ക് മാറ്റിയത്. വില്യംസണെ കൂടാതെ മിച്ചല്‍ സാന്റ്നര്‍, കെയില്‍ ജാമിസണ് എന്നിവരാണ് സംഘത്തിലുള്ളത്. ഡല്‍ഹിയില്‍ ഈ മാസം 11 വരെ ക്വാറന്റൈനില്‍ ഇരുന്ന ശേഷം സംഘത്തെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാനായിരുന്നു ക്രിക്കറ്റ് ന്യൂസിലന്‍ഡ് നേരത്തെ തീരുമാനിച്ചത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
10 ദിവസം മാലിദ്വീപില്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷമാകും സംഘം ഇംഗ്ലണ്ടിലേക്ക് പോവുക. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയും ടീം ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും കിവീസ് കളിക്കും. ടെസ്റ്റ് പരമ്പര ജൂണ്‍ രണ്ടിന് ആരംഭിച്ച് 14ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂണ്‍ 18ന് ആരംഭിക്കും.
ഓസ്ട്രേലിയന്‍ താരങ്ങളും വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ഉള്‍പ്പെടെ ഉള്ളവരും മാലിദ്വീപിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ബയോ സെക്വയര്‍ ബബിളിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.