ഡല്‍ഹി: കൊവിഡ് 19 മൂലം പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ചെറുകിട ഹോട്ടല്‍ വ്യവസായ മേഖലയെ സഹായിക്കുന്നതിനായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി സഹകരണം പ്രഖ്യാപിച്ച് ഫേസ് ബുക്ക് നിയന്ത്രിത സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സ്വിഗ്ഗി, സൊമാറ്റോ സ്റ്റിക്കറുകള്‍ വഴി നേരിട്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.
സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിന് ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കും. ഇൻസ്റ്റഗ്രാമില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ട സ്റ്റിക്കര്‍ ഉപയോഗിച്ച് സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലേക്കുള്ള ലിങ്കുകള്‍ പങ്കിടാനും ഹോട്ടലുകള്‍ക്ക് സാധിക്കും. ഹോട്ടലുകള്‍ക്ക് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ പുതിയ സ്റ്റിക്കര്‍ സംവിധാനം സഹായകമാകും. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഹോട്ടല്‍ മേഖല വലിയ തകർച്ചയെ നേരിടുന്ന സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാം ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കുന്നത്.