ഗിൽഗിത്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗിൽഗിത് ബാൾട്ടിസ്ഥാൻ മേഖലയിലെ സമാധാനം തകർക്കുന്നുവെന്ന് മുഖ്യമന്ത്രി ഹാഫിസ് ഹഫീസൂർ റഹ്മാൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഖലയ്ക്ക് താൽക്കാലിക പ്രവിശ്യ പദവി നൽകുമെന്ന് ഇമ്രാൻ ഖാൻ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗിൽഗിത് നഗരത്തിൽ അടുത്തിടെ ഇമ്രാൻ ഖാൻ നടത്തിയ റാലിക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് ഗിൽഗിത് ബാൾട്ടിസ്ഥാനിൽ സമാധാനം തകർക്കാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമാണ് ഇമ്രാൻ ഖാൻ എത്തിയതെന്നും ഹാഫിസ് ഹഫീസൂർ റഹ്മാൻ പറഞ്ഞു. ആളുകളെ തെരുവിലിറക്കി പ്രതിഷേധം നടത്താൻ പ്രധാനമന്ത്രി എല്ലാ ക്രമീകരണങ്ങളും നടത്തി. കശ്മീരിലെയും ഗിൽഗിത് ബാൾട്ടിസ്ഥാനിലെയും ഫെഡറൽ മന്ത്രി അലി അമിൻ ഗന്ധാപൂരിനെതിരെ പ്രചരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകദേശം 20 ദശലക്ഷം ജനസംഖ്യയുള്ള സ്ഥലമാണ് ഗിൽഗിത് ബാൾട്ടിസ്ഥാൻ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഒരു പ്രധാന ഭാഗമാണ് ഇവിടം. പാകിസ്ഥാനിലെ റോഡ്, മറ്റ് ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വഴി ചൈനയെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന വാണിജ്യ, അടിസ്ഥാന സൗകര്യ പദ്ധതികളാണ് 2014 ൽ ആരംഭിച്ച സിപിഇസി. കൂടാതെ നിരവധി ഊർജ ഉൽപാദന, വ്യാവസായിക പുനരുജ്ജീവന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.