തൃശ്ശൂര്‍: റമദാന്‍ സീസൺ തുടങ്ങിയതോടെ ഈന്തപ്പഴ വിപണിയും സജീവമായി. നോമ്പുതുറയിലെ ഒഴിവാക്കാനാകാത്ത വിഭവമായ ഈന്തപ്പഴത്തിന് ഇത്തവണ പതിവിലും കൂടുതലാണ് ആവശ്യക്കാര്‍. 200 രൂപ മുതല്‍ 2500 രൂപ വരെ വിലയുള്ള ഈന്തപ്പഴങ്ങളാണ് റമദാന്‍ വിപണി ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴങ്ങളാണ് വിപണിയിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്.
വിലയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന അജ് വയ്ക്കാണ് കൂട്ടത്തില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. സൗദിയില്‍ നിന്നുമെത്തുന്ന അജ് വയ്ക്ക് 2500 രൂപയോളമാണ് കേരളത്തിലെ വില. ഇറാൻ, ഒമാൻ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന കീമിയ, ബരാരി, മറിയാമി, ക്ലാസിക്, മബ്‌റൂഖ് തുടങ്ങിയ ഇനങ്ങളും വിപണിയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില അല്പം കൂടുതലാണെങ്കിലും നിരവധി പേരാണ് ഈന്തപ്പഴവും കാരക്കയും തേടി നോമ്പുകാല വിപണിയിലേക്ക് എത്തുന്നത്.