ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടിൽ നിന്നും പുറപ്പെട്ട് കാണാതായ വ്യോമസേനയുടെ എ എൻ 32 വിമാനത്തിനായി തെരച്ചില്‍ ഊര്‍ജിതം. വിമാനത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വ്യോമസേന പാരിതോഷികം പ്രഖ്യാപിച്ചു. എഎന്‍ വിമാനത്തെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ വിവരങ്ങൾ ലഭിക്കുന്നവർക്ക് അത് വിളിച്ചറിയിക്കാൻ നമ്പറും വ്യോമസേന നൽകിയിട്ടുണ്ട്.
അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചലിലേക്ക് പോകുന്നതിനിടെയാണ് എഎന്‍-32 വ്യോമസേന വിമാനം കാണാതാകുന്നത്. വിമാനത്തില്‍ 13 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. കണ്ണൂർ സ്വദേശി കോർപറൽ എൻ കെ ഷരിന്‍, കൊല്ലം അഞ്ചൽ സ്വദേശി സർജന്‍റ് അനൂപ് കുമാര്‍ എന്നീ രണ്ട് മലയാളികളും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെയും കൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്.
എന്നാൽ ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് എത്തേണ്ട സമയം ആയിട്ടും വിമാനം ലക്ഷ്യ സ്ഥാനത്ത് എത്താത്തതിനെത്തുടർന്നാണ് വ്യോമസേന വിമാനത്തിനായി അന്വേഷണം ആരംഭിച്ചത്. അരുണാചലിലെ മലയോരപ്രദേശമായ മോളോ ഗ്രാമത്തിലുള്ളവർ കറുത്ത പുക ഉയരുന്നത് കണ്ടതായി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗ്രാമത്തില്‍ നിന്നും എട്ടു കിലോ മീറ്ററോളം ദൂരെ പുകച്ചുരുള്‍ കണ്ടതായി പറയുന്നത്.