തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറികളുടെ ഉത്പാദനം ഗണ്യമായി വർദ്ധിച്ചുവെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. പുത്തരിക്കണ്ടത്ത് ഹോർട്ടികോർപ് പഴം പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.
മൂന്നുവർഷം കൊണ്ട് പച്ചക്കറികളുടെ ഉത്പാദനം ഗണ്യമായി കൂടി. ഇവ സംഭരിച്ച് വിൽക്കുന്നതിന് ഹോർട്ടികോർപ്പ് കൂടുതൽ ഔട്ട്‌ലെറ്റുകൾ തുടങ്ങും. കീടനാശിനിയുടെ ഉപയോഗം പ്രതിവർഷം 1250 മെട്രിക് ടണ്ണിൽ നിന്ന് 526 മെട്രിക് ടണ്ണിലേക്ക് താഴ്ന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരുതരത്തിലും ഉത്പാദിപ്പിക്കാൻ ആകാത്ത പച്ചക്കറികൾ മാത്രം അന്യസംസ്ഥാനങ്ങളിൽനിന്ന് വരുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാരെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ അധ്യക്ഷനായി.