ദുബായ്: അഞ്ചാമത് ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ദുബായില്‍ നടന്ന കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 157 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ അഞ്ചി വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. അര്‍ദ്ധസെഞ്ച്വറിയോടെ നായകന് രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുംബൈക്ക് അനായാസം കിരീടം നിലനിര്‍ത്താനായി. അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. ക്വിന്റണ്‍ ഡികോക്കുമായി ചേര്‍ന്ന് 45 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്നും 45 റണ്‍സ് സ്കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തു. ഇഷാന് കിഷനുമായി ചേര്‍ന്ന് 47 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും പടുത്തുയര്‍ത്തിയ ശേഷമാണ് രോഹിത് കൂടാരം കയറിയത്.
രോഹിതിനെ കൂടാതെ 20 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കും 19 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 33 റണ്‍സെടുത്ത ഇഷാന് കിഷനും മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്. കീറോണ്‍ പൊള്ളാര്‍ഡ് ഒമ്പത് റണ്‍സെടുത്തു ഹര്‍ദിക് പാണ്ഡ്യ ഒരു റണ്‍സെടുത്തു പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നും.
ഡല്‍ഹിക്ക് വേണ്ടി നോട്രിജെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാസിഗോ റബാദ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോണിയസ് എന്നിവര്‍ക്ക് ഒരോ വിക്കറ്റ് വീതമെ സ്വന്തമാക്കാനായുള്ളൂ. രോഹിത് ശര്‍മ നിലുയറപ്പിച്ച് കളിച്ചതോടെ ഡല്‍ഹിയുടെ ബൗളേഴ്സ് കലാശപ്പോരില്‍ നിഷ്പ്രഭരാവുകയായിരുന്നു.
കൂടുതല്‍ വായനക്ക്: ശ്രേയസും റിഷഭും തിളങ്ങി; മുംബൈക്ക് ജയിക്കാന്‍ 157 റണ്‍സ്
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയുടെ ബോള്‍ട്ടിളക്കുന്ന പ്രകടനമാണ് മുബൈയുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തെടുത്തത്. നാല് ഓവര്‍ തികക്കുന്നതിനിടെ ഓപ്പണര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ന്യൂബോള്‍ ആക്രമണത്തിലൂടെ ട്രെന്‍ഡ് ബോള്‍ട്ട് ഡല്‍ഹിയെ എറിഞ്ഞിടുകയായിരുന്നു.