ചണ്ഡീഗഢ്: കൊവിഡ് അരക്ഷിതാവസ്ഥയിൽ ഹരിയാനക്ക് നേരിയ ആശ്വാസം. സംസ്ഥാനത്തെ ഓക്സിജൻ ക്വാട്ട 162 മെട്രിക് ടണിൽ നിന്നും 323 മെട്രിക് ടൺ ആയി കേന്ദ്രം വർധിപ്പിച്ചു.
ആശുപത്രികളിലെ ഓക്സിജന്‍റെ കുറവ് കണക്കിലെടുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിയാനയിലെ എല്ലാ ഫാക്ടറി ഉടമകളോടും അവരുടെ കൈവശമുള്ള സിലിണ്ടറുകൾ സർക്കാരിന് കൈമാറാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു.
കൂടാതെ, കേന്ദ്ര സർക്കാരിനോട് 20000 റെംഡെസിവർ മരുന്നുകളും ജാർഖണ്ഡിലെ ജംഷദ്‌പൂർ പ്ലാന്‍റിൽ നിന്ന് പ്രതിദിനം 40 മെട്രിക് ടൺ ഓക്സിജനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 20,000 മരുന്നുകളിൽ 10,000 എണ്ണം സ്വകാര്യ ആശുപത്രികൾക്കും 10,000 സർക്കാർ ആശുപത്രികൾക്കും ആയിരിക്കും. 1000 വാക്സിനുകൾ ഇന്ന് സംസ്ഥാനത്ത് എത്തിയെന്നും 3000 വാക്സിനുകൾ നാളെ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ 84129 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും ഇതുവരെ 3926 പേർ മരണപ്പെട്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.