കാസർകോട്: പുത്തന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കാസര്‍കോട് സര്‍ക്കാര്‍ കോളജ്. 6.70 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളജില്‍ നടക്കുന്നത്. ഓപ്പൺ ഓഡിറ്റോറിയം, കാന്‍റീൻ, പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറി എന്നിവയും ഒരുക്കുന്നുണ്ട്. ഓഡിറ്റോറിയത്തിന്റെയും സയന്‍സ് ബ്ലോക്കിന്‍റെ നവീകരണവും അക്കാദമിക്ക് ബ്ലോക്കിന്‍റെ നിർമാണപ്രവർത്തനവും നടന്നു വരുന്നു. വികസന പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ മികച്ച കോളജുകളിലൊന്നായി മാറും കാസര്‍കോട് സര്‍ക്കാര്‍ കോളജ് .
1957ല്‍ ഇഎംഎസ് സര്‍ക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി പ്രത്യേക താല്‍പര്യമെടുത്താണ് കാസര്‍കോട് സര്‍ക്കാര്‍ കോളജ് അനുവദിച്ചത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പുറത്തുവിട്ട റാങ്കിങില്‍ രാജ്യത്തെ ഏറ്റവും മികച്ച 150 കോളജുകളുടെ പട്ടികയില്‍ കാസര്‍കോട് സര്‍ക്കാര്‍ കോളജും ഇടം പിടിച്ചിരുന്നു.