കൊല്ലം: മൃതദേഹം സെമിത്തേരിയിൽ മറവ് ചെയ്യാൻ പരിസ്ഥിതി പ്രവർത്തകർ സമ്മതിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചു. കുന്നത്തൂർ തുരുത്തിക്കര കാളിശേരി മേലതിൽ പത്രോസിന്റെ ഭാര്യ അന്നമ്മയുടെ മൃതദേഹമാണ് മാർത്തോമാ സഭയുടെ സെമിത്തേരിയിൽ സംസ്കരിച്ചത്. മൃതദേഹം സെമിത്തേരിയിൽ മറവ് ചെയ്യാൻ ജില്ലാ കലക്ടർ നിബന്ധനകളോടെ അനുമതി നൽകി.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. അതേസമയം രാവിലെ സംസ്കാരത്തിനിടെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും എതിർപ്പുമായി എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സംസ്കാരം നടത്തി. മൃതദേഹം മറവ് ചെയ്യാൻ എതിർപ്പുമായി എത്തിയവരിൽ ഒരാൾ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ച കല്ലറ നിർമ്മാണത്തിന് എതിരെ നേരത്തെ പ്രതിഷേധം ഉണ്ടായിരുന്നു.