കൊച്ചി: സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസിൽ മൂന്നാം ദിവസവും പ്രതികളായ വൈദികരെ പൊലീസ് ചോദ്യം ചെയ്തു. ഒന്നാം പ്രതി പോൾ തേലക്കാട്, നാലാം പ്രതി ടോണി കല്ലൂക്കാരൻ എന്നിവരെയാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
വ്യാജരേഖാ കേസിൽ മുൻകൂർ ജാമ്യം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് കോടതി നിർദേശപ്രകാരം പ്രതികളായ വൈദികരെ പൊലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആലുവ ഡിവൈഎസ്പി ഓഫീസിൽ നിന്നും കൊച്ചി റേഞ്ച് സൈബർ സ്റ്റേഷനിലെത്തിച്ചും ഇരുവരുടെയും മൊഴിയെടുത്തു. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പ് അടിസ്ഥാനമാക്കിയാണ് ഇന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും ഇവരുടെ ചോദ്യം ചെയ്യൽ തുടരും. കർശന ഉപാധികളോടെയാണ് വൈദികരെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. അതേസമയം പുതിയ വിവരങ്ങൾ ഒന്നും തന്നെ വൈദികരിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് സൂചന.