മാഡ്രിഡ്: യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ ഫൈനലില്‍ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും ഇന്ന് നേര്‍ക്കുനേര്‍. മാഡ്രിഡിലെ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് കിരീടം സ്വന്തമാക്കാനുറച്ചാണ് ഇരുടീമുകളും ഇന്ന് ഫൈനലിന് ഇറങ്ങുന്നത്. സെമിയുടെ രണ്ടാം പാദത്തില്‍ ബാഴ്സലോണയെ അട്ടിമറിച്ച കരുത്തുമായി ലിവര്‍പൂളെത്തുമ്പോള്‍ അയാക്സിനെ വീഴ്ത്തിയാണ് ടോട്ടനം കലാശപോരാട്ടത്തിലെത്തുന്നത്. രണ്ട് ഇംഗ്ളീഷ് ക്ളബുകൾ തമ്മിലുള്ള പോരാട്ടം എന്ന പ്രത്യേകത കൂടി ഇന്നത്തെ ഫൈനലിനുണ്ട്.
അഞ്ച് തവണ കിരീടമുയര്‍ത്തിയ ലിവര്‍പൂളിന്‍റെ ഒന്‍പതാം യൂറോപ്യന്‍ ഫൈനലാണിത്. കഴിഞ്ഞ തവണ റയല്‍ മാഡ്രിഡിന് മുമ്പില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനുറച്ച് ഇറങ്ങുന്ന ലിവര്‍പൂളിന് തന്നെയാണ് കണക്കുകളില്‍ മുന്‍തൂക്കം. കഴിഞ്ഞ ഫൈനലില്‍ കളിച്ച മുഹമ്മദ് സലാ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ക്ലബിന് ഗുണം ചെയ്യും. സല- സാദിയോ മാനെ- റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റമാണ് ലിവർ പൂളിന്‍റെ ശക്തി. പരിക്കേറ്റ ഫിര്‍മിനോ ടീമിലെത്തിയില്ലെങ്കില്‍ സെമിയില്‍ ഇരട്ടഗോള്‍ നേടിയ ഡിവോഗ് ഒറിഗ് കളിച്ചേക്കും. ഉറച്ച പ്രതിരോധ നിരയും പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്‍റെ തന്ത്രങ്ങളും ടീമിന് മുതല്‍ക്കൂട്ടാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. ടോട്ടനവുമായി നടന്ന രണ്ട് മത്സരങ്ങളിലും വിജയം ലിവര്‍പൂളിനൊപ്പം ആയിരുന്നു.
അതേസമയം, ആദ്യ യൂറോപ്യന്‍ ഫൈനല്‍ കളിക്കുന്ന ടോട്ടനം നിരയില്‍ പരിക്കേറ്റ നായകന്‍ ഹാരി കേയ്ന്‍ തിരികെയെത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ശക്തരായ മധ്യനിരക്കൊപ്പം ബ്രസീല്‍ താരം ലൂക്കാസ് മൗറ ഉള്‍പ്പെടുന്ന മുന്നേറ്റ നിരയും ചേരുന്നതോടെ ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്താന്‍ ടീമിനാകും. താരങ്ങളേക്കാളുപരി മൗറിഷ്യോ പൊച്ചട്ടീനോ എന്ന പരിശീലകനാണ് ടോട്ടനത്തിന്‍റെ ശക്തി. ആരവങ്ങളില്ലാതെ ആദ്യകിരീടം ലക്ഷ്യമിട്ടെത്തിയ ടോട്ടനമാണോ കൈവിട്ട കിരീടം തിരിച്ച് പിടിക്കാനുറച്ച് എത്തിയ ലിവര്‍പൂളാണോ യൂറോപ്യന്‍ ചാമ്പ്യനെന്ന് ഇന്നറിയാം.