കോട്ടയം: ട്രാന്‍സ്ജെന്‍ഡേഴ്സായ അവന്തികയും ഷാനയും ചവിട്ടിക്കയറിയത് സിഎംഎസ് കോളജിന്‍റെ ചരിത്രത്തിലേക്കാണ്. സിഎംഎസിലെ ആദ്യ ട്രാന്‍സ്ജെന്‍ഡേഴ്സ് വിദ്യർഥികളായി മാറി ഇരുവരും. ഇനി വരുന്ന മൂന്ന് കൊല്ലം ബിരുദ പഠനത്തിനായി ഇവരുമുണ്ടാകും ഇവിടെ. പഠിക്കാന്‍ മിടുക്കക്കരായിരുന്ന ഇരുവരും ഇടയ്ക്ക് വെച്ച് മുടങ്ങി പോയ പഠനം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളജിൽ അഡ്മിഷന്‍ നേടിയിരിക്കുന്നത്.
ബിഎ ഹിസ്റ്ററിയിലാണ് പാലാ മരങ്ങാട്ട് പളളി സ്വദേശിനി അവന്തികക്ക് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്. കാണക്കാരി ഗവൺമെന്‍റ് എച്ച്എസ്എസിൽ നിന്ന് 79% മാർക്കോടെയൊണ് അവന്തിക പ്ലസ്ടു പാസായത്. എന്നാൽ നാല് കൊല്ലം മുമ്പ് വീട്ടുകാർ ഉപേക്ഷിച്ചതിനെ തുടർന്നാണ് ജോമോൻ എന്ന അവന്തികയ്ക്ക് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. കോട്ടയം ട്രാൻസ്ജെൻഡേഴ്സ് ജസ്റ്റീസ് ബോർഡംഗവും എഐഎസ്എഫ് അഷിത വിദ്യാർഥി വേദിയുടെ സംസ്ഥാന കൺവീനറുമാണ് അവന്തിക.
ബിഎ എക്കണോമിക്സിൽ പ്രവേശനം നേടിയ അതിരമ്പുഴ സ്വദേശിനി ഷാന നവാസ് മൂന്ന് മാസം മുമ്പാണ് സ്വന്തം വീട് വിട്ടിറങ്ങിറങ്ങിയത്. കൈപ്പുഴ സെന്റ് ജോർജ് എച്ച്എസ്എസിൽ നിന്നാണ് ഷാന പ്ലസ്ടു പൂർത്തിയാക്കിയത്. കോളജിലെ ആദ്യ ദിവസമായ ഇന്ന് ഇരുവരെയും അധ്യാപകരും വിദ്യാർഥികളും ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വരവേറ്റത്.
നിലവിൽ എറണാകുളത്ത് നിന്ന് പോയി വന്ന് പഠിക്കുകയാണ് ഇരുവരും. കോട്ടയത്ത് സർക്കാർ ട്രാൻസ്ജെൻഡേഴ്സിന് ഷെൽറ്റർ ഹോം ആരംഭിക്കുമ്പോൾ അവിടേക്ക് മാറാനാണ് തീരുമാനം.