ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ഡല്‍ഹി ഹൈക്കോടതിയെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഫോഴ്സ് ഡയറക്ടേഴ്സ് ( ഇ ഡി) സമീപിച്ചിരിക്കുന്നത്. വിചാരണകോടതിയാണ് വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. വദ്രയുടെ ജാമ്യം കേസന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടറായ ഡി പി സിങ് വഴി ഇഡി കോടതിയെ സമീപിച്ചത്.
റോബര്‍ട്ട് വദ്രക്ക് പുറമെ കേസിലെ മറ്റൊരു പ്രതിയായ മനോജ് അറോറയുടെ ജാമ്യത്തെയും ഇ ഡി എതിര്‍ത്തു. ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ വദ്രയെ ചോദ്യം ചെയ്തിരുന്നു. വദ്രയുടെ ബിസിനസ് സഹായി മനോജ് അറോറയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആരോപിച്ചു. മനോജ് അറോറയ്‌ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട്‌സ് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.