കോഴിക്കോട്: നിക്കാബ് സംബന്ധമായ വിശയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് സമസ്തക്ക് നല്ലതെന്ന ഡോ ഫസല്‍ ഗഫൂറിന്‍റെ പ്രസ്താവനക്കെതിരെയാണ് സമസ്ത രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം സമുദായത്തെ ധിക്കരിച്ചുകൊണ്ട് ഫസൽ ഗഫൂർ മുന്നോട്ട് പോവുകയാണെങ്കിൽ സമസ്ത കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് ഈ വിഷയത്തെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
നിക്കാബ് നിരോധിച്ചുകൊണ്ടുള്ള സർക്കുലർ പിൻവലിക്കുകയും മതപണ്ഡിതന്മാരെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവനക്ക് മാപ്പ് പറയുകയും വേണമെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സ്ഥാപന മേലധികാരിക്ക് അവരുടെ സ്ഥാപനത്തിൽ വസ്ത്രധാരണം എത്തരത്തിൽ വേണമെന്ന് നിശ്ചയിക്കാൻ അവകാശമുണ്ട്. എന്നാൽ വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നതായാൽ അതിനെ ജനാതിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ല. നിക്കാബ് ധരിച്ചതിന്‍റെ പേരിൽ ഏതെങ്കിലും സ്ഥാപനത്തിൽ വിദ്യർഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാൽ അവർക്ക് സംഘടന എല്ലാവിധ പിന്തുണയും നൽകുമെന്നും സമസ്ത നേതാക്കൾ പറഞ്ഞു.