രജൗരി (ജമ്മു കശ്‌മീർ): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന പരാതിയിൽ ജമ്മു കശ്‌മീരില്‍ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ അച്ഛനും മകനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബിജെപി പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.
പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ടുള്ള വീഡിയോ ഇവർ സമൂഹ മാധ്യമത്തിൽ അപ്പ്ലോഡ് ചെയ്‌തുവെന്നാണ് ആരോപണം. പ്രധാനമന്ത്രിയെ കുറിച്ചുള്ള ഒരു ടിക് ടോക്ക് വീഡിയോ ഫേസ്ബുക്കിൽ ഇവർ അപ്പ്ലോഡ് ചെയ്‌തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ ബിജെപിയോട് ആഭിമുഖ്യമുള്ള ചിലർ രംഗത്തെത്തുകയായിരുന്നു.