കൊല്ലം: തീരത്തേക്ക് ആഞ്ഞടിക്കുന്ന ദുരിത തിരമാലകളിൽ ആശങ്കപ്പെട്ട് ഇരവിപുരം, കാക്കത്തോപ്പ് തീരപ്രദേശത്തെ ജനങ്ങൾ. പുലിമുട്ട് നിർമ്മാണം കടലാസിലൊതുങ്ങിയതോടെ തീരദേശ റോഡ് ഇതിനോടകം കടലെടുത്തു കഴിഞ്ഞു. ശക്തിയായി പെയ്യുന്ന മഴയിലും കാറ്റിലും തിരമാലകൾ വീടുകളിലേക്ക് പാഞ്ഞെത്തുന്ന സ്ഥിതിയാണ്. എംഎൽഎ ഉൾപ്പെടെയുള്ളവരെ കണ്ട് തങ്ങളുടെ ദുരവസ്ഥ പറഞ്ഞെങ്കിലും വിഷയം കാര്യമായി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. നിർമാണ ചുമതലയുള്ള മേജർ ഇറിഗേഷൻ വകുപ്പിലേക്ക് കഴിഞ്ഞദിവസം തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
വൻതോതിൽ കര ഇടിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ പോലും നടത്താതെ തങ്ങളെ സർക്കാർ പൂർണമായും അവഗണിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വർഷാവർഷം പ്രദേശത്ത് എത്തുന്ന ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പല വാഗ്ദാനങ്ങളും നൽകുന്നുണ്ടെങ്കിലും ഒന്നും പാലിക്കാറില്ല. കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതി വന്നതോടെ തീരം സംരക്ഷിക്കാൻ സേവ് ഇരവിപുരം എന്ന പേരിൽ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍