മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ മത്സരം ഈ മാസം 13ന് നടക്കും. ഞായറാഴ്‌ചയായിരുന്നു ഓള്‍ഡ് ട്രാഫോഡിലേക്ക് ഒരു സംഘം ആരാധകര്‍ ഇരച്ചുകയറിയത്. തീയതി പുതുക്കി നിശ്ചയിച്ചതോടെ അഞ്ച് ദിവസത്തിനുള്ളില്‍ മൂന്ന് ലീഗ് മത്സരങ്ങളില്‍ യുണൈറ്റഡിന് ബൂട്ടുകെട്ടേണ്ടിവരും. ലെസ്റ്റര്‍ സിറ്റിയും യുണൈറ്റഡും തമ്മില്‍ ഈ മാസം 12 നടക്കേണ്ടിയിരുന്ന മത്സരം 11ലേക്ക് മാറ്റി.
ഞായറാഴ്‌ച നാടകീയ രംഗങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്നത്. 200-ഓളം പേര്‍ കൂട്ടമായെത്തി സ്റ്റേഡിയത്തിനകത്തേക്ക് അതിക്രമിച്ചു കടന്നു. ക്ലബ് ഉടമകളായ ഗ്രേസിയര്‍ കുടുംബത്തിനെതിരെയുള്ള ബാനറുകളുമായാണ് സംഘം എത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധക്കാര്‍ പിച്ചിലേക്ക് ഉള്‍പ്പെടെ കടന്നത് ആശങ്ക ഉയര്‍ത്തി. പിന്നാലെ അന്ന് നടക്കാനിരുന്നു യുണൈറ്റഡ്, ലിവര്‍പൂള്‍ മത്സരം മാറ്റിവെച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ഉള്‍പ്പെടെ ക്ലബ് സ്വീകരിച്ച നിലപാടുകളില്‍ ആരാധകര്‍ക്ക് വിയോജിപ്പുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് സാഹചര്യത്തിലും അപ്രതീക്ഷിതമായി ആരാധകര്‍ ഓള്‍ഡ് ട്രാഫോഡിലേക്ക് എത്തിയത്. ഇതിനെ ഒരു തുടക്കം മാത്രമായി കാണണമെന്ന അഭിപ്രായമാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പങ്കുവെക്കുന്നത്. സമാന പ്രതിഷേധം ഇംഗ്ലണ്ടില്‍ ഇനിയും അരങ്ങേറാമെന്ന മുന്നറിയിപ്പും അവര്‍ പങ്കുവെക്കുന്നു.