പാട്ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. 69 കുട്ടികളാണ് ഇതുവരെ മരിച്ചത്. ശ്രീ കൃഷ്ണ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 58 പേരും മുസാഫർപൂരിലെ സ്വകാര്യ കെജ്‌രിവാൾ ആശുപത്രിയിൽ 11 പേരും മരിച്ചതായി അധികൃതർ അറിയിച്ചു. ഇതുവരെ അസുഖബാധിതരായ 130ൽ അധികം പേരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ സ്കൂളുകൾ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജൂൺ 22 വരെ അടച്ചിടുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയിൽ അനേകം പേരുടെ ജീവനാണ് മസ്തിഷ്കജ്വരം ബാധിച്ച് നഷ്ടപ്പെട്ടത്. ഒന്നു മുതല്‍ 15 വയസുവരെയുള്ള കുട്ടികൾക്കാണ് മുസാഫർപൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. മരണ സംഖ്യ കൂടിയിട്ടും സർക്കാർ കാണിക്കുന്ന നിസംഗതയില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.