പത്തനംതിട്ട: ജില്ലയിലെ ഉയർന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. തിരുവല്ല താലൂക്കിലെ പെരിങ്ങര, കടപ്ര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. കോന്നി താലൂക്കിലെ മലയാലപ്പുഴ, തണ്ണിത്തോട്, പ്രമാടം പ്രദേശങ്ങളിലെ കിണറുകൾ മിക്കതും വറ്റി. റാന്നിയിലെ വെച്ചൂച്ചിറയിൽ ജലവിതരണ പദ്ധതികളുടെ പൈപ്പ് ലൈനുകളിൽ വെള്ളമെത്തിയിട്ട് മാസങ്ങളായി. കുടിവെള്ള പദ്ധതികളിലെ തകരാറുകൾ യഥാസമയം പരിഹരിക്കാത്തതും കുടിവെള്ള ക്ഷാമം വർദ്ധിപ്പിക്കുന്നുണ്ട്.
പഴക്കംചെന്ന ഇരുമ്പ് പൈപ്പുകൾ പലിടത്തും പൊട്ടിയിട്ടുണ്ട്. നദികളിൽ നീരൊഴുക്ക് കുറഞ്ഞത് പമ്പിങ്ങിന് തടസമാകുന്നു. കുടിവെള്ള പദ്ധതികളുടെ കാര്യക്ഷമത നിലനിർത്താത്തതും യഥാസമയം മോട്ടോറുകളുടെയും പൈപ്പ് ലൈനുകളുടേയും അറ്റകുറ്റപണികൾ നടത്താത്തതുമാണ് ജലക്ഷാമമുണ്ടാകാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.