ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിന്‍റെ പരിശീലകന്‍ ഗൊരാന്‍ ഇവാനിസേവിച്ച് കൊവിഡ് 19. ഇവാനിസേവിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. വിവാദമായ അഡ്രിയ ടൂറിന്‍റെ ഭാഗമായ ഇവാനിസേവിച്ച് മൂന്നാമത് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. വൈറസ് സ്ഥിരീകരിച്ചതോടെ അദ്ദേഹം സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്.
നേരത്തെ താരങ്ങള്‍ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് അഡ്രിയ ടൂര്‍ പ്രദര്‍ശന മത്സരത്തിന്‍റെ ഫൈനല്‍സ് റദ്ദാക്കിയതായി ജൂണ്‍ 22-ന് ഇവാനിസേവിച്ചാണ് പ്രഖ്യാപിച്ചത്. ലോക 19-ാം നമ്പര്‍ ടെന്നീസ് താരവും ടൂര്‍ണമെന്‍റിലെ മത്സരാര്‍ഥിയുമായ ഗ്രിഗോര്‍ ദിമിത്രേവിന് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം വന്നത്. ദ്യോക്കോവിച്ചിന് ഉള്‍പ്പെടെ പ്രദര്‍ശന മത്സരത്തിന്‍റെ ഭാഗമായവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ദ്യോക്കോവിച്ച് ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്ക് വലിയ വിമര്‍ശനമാണ് ഏല്‍ക്കേണ്ടിവന്നത്.