ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി നീലക്കുപ്പായം അഴിച്ചിട്ട് ഒരു വര്‍ഷം. 2019ല്‍ ഇതേ ദിവസം ഓള്‍ഡ് ട്രാഫോഡില്‍ ന്യൂസിലന്‍ഡിന് എതിരെ നടന്ന ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതില്‍ പിന്നെ ധോണി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല.
49-ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ധോണി റണ്ണൗട്ടാകുന്നത് അവിശ്വസനീയതയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടിരുന്നത്. ഒമ്പത് പന്ത് ശേഷിക്കെ വിജയത്തിലേക്ക് അന്ന് 22 റൺസ് കൂടി ഇന്ത്യക്ക് വേണമായിരുന്നു. പക്ഷേ ധോണി പുറത്തായതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളും അവസാനിച്ചിരുന്നു. 18 റണ്‍സിനാണ് അന്ന് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. എട്ട് വര്‍ഷം മുമ്പ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കണ്ട ഫിനിഷറെയാണ് 2019ലും ആരാധകര്‍ ധോണിയില്‍ നിന്നും പ്രതീക്ഷിച്ചത്. പുറത്താകലിന് ശേഷം ധോണി വലിയ വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു.
പരാജയത്തിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തു. പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായതുമില്ല. 2020ലെ ഐപിഎല്‍ മത്സരത്തിലെ പ്രകടനത്തിലൂടെ ധോണി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ലോകകപ്പ് നടക്കുന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ ഉറപ്പില്ല. ഐസിസി ഇക്കാര്യത്തില്‍ ഇതേവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അതേസമയം ധോണിയുടെ ക്രിസീലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മുന്‍ ഇന്ത്യന്‍ നായകനെ ഇതൊന്നും ബാധിച്ചിട്ടില്ല. അദ്ദേഹം റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. മണ്ണിലേക്കിറങ്ങിയ താരം അവിടെയും പൊന്നുവിളയിക്കാനുള്ള തയ്യാറെടുപ്പിലാണ്.