ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുത്തരവാദിയായ രാഷ്ട്രീയകാരനാണെന്ന് ബിജെപി. വിഷയത്തില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ട്വീറ്റുകളിലൂടെ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് നിരുത്തരവാദപരമാണെന്നും കാത്തിരിക്കണമെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
ലഡാക്കിലേക്ക് ഇന്ത്യൻ സൈനികരെ നിരായുധരായി അയച്ചത് എന്തുകൊണ്ടാണെന്നും അവരെ അപകടത്തിലേക്ക് അയച്ചതിന്റെ ഉത്തരവാദി ആരാണെന്നും രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ട്വീറ്റിലൂടെ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി നേരത്തെ ചോദിച്ചിരുന്നു.
ഇന്ത്യ നിരായുധരായ സൈനികരെ മരിക്കാൻ അയച്ചതല്ലെന്നും 1996ൽ ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഇരു രാജ്യങ്ങളിലെയും സൈന്യം രണ്ട് കിലോമീറ്ററിനുള്ളിൽ ആയുധം ഉപയോഗിക്കുന്നത് വിലക്കികൊണ്ടുള്ള കരാറുണ്ടെന്നും പത്ര പറഞ്ഞു.
ഈ സമയത്ത് രാഹുല്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് കാണിച്ച വിശ്വാസക്കുറവ് ശരിയല്ല. പ്രധാനമന്ത്രിക്കെതിരേ സംസാരിക്കുമ്പോള്‍ അതൊരു വ്യക്തിയോടല്ല, മറിച്ച് രാജ്യത്തിന്‍റെ നേതാവിനോടാണെന്ന കാര്യം രാഹുല്‍ തിരിച്ചറിയണമെന്നും സംബിത് പത്ര വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത്തരത്തില്‍ നിലകൊള്ളുകയാണെങ്കില്‍ രാജ്യം മൂന്ന് 'സി'കളോട് അതായത് കൊറോണ വൈറസ്, ചൈന, കോണ്‍ഗ്രസ് എന്നിവയുമായി പോരാടി വിജയം നേടുമെന്നും പത്ര പറഞ്ഞു.
യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിഷയത്തില്‍ നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നെന്നും, എന്നാല്‍ പ്രധാനമന്ത്രിയെയോ, പ്രതിരോധ മന്ത്രിയെയോ, കരസേന മേധാവിയെയോ വിശ്വസിക്കാന്‍ രാഹുല്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം നിങ്ങള്‍ വിശദീകരിക്കണമെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഇന്ത്യ നിങ്ങള്‍ക്ക് ക്ഷമ നല്‍കില്ലെന്നും രാഹുല്‍ ഗാന്ധിയോട് സംബിത് പത്ര പറഞ്ഞു.
പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലും എയര്‍ സ്ട്രൈക്കിലും രാഹുലിന് സംശയങ്ങളുള്ളതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള 2008 ലെ ധാരണാപത്രത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോടും രാഹുലിനോടും അതിന്റെ വിശദാംശങ്ങൾ വിശദീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയും ചൈനയും തമ്മിലുള്ള 2017 ഡോക്ലാം സ്റ്റാൻഡ് ഓഫ് സമയത്ത്, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ചൈനീസ് സ്ഥാനപതിയുമായി ഒരു അത്താഴ വിരുന്ന് നടത്തിയിരുന്നുവെന്നും എന്നാല്‍ ഈ വാര്‍ത്ത ആദ്യം നിഷേധിച്ച ശേഷമാണ് കോൺഗ്രസ് സമ്മതിച്ചതെന്നും പത്ര പറഞ്ഞു. ഇരുപത് സൈനീകരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി വൈകിയതെന്നും ചൈനയുടെ പേര് ട്വീറ്റില്‍ രേഖപ്പെടുത്താത്തത് എന്താണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചോദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ട്വീറ്റുകളുമായി രംഗത്തെത്തിയത്.