എറണകുളം: എറണകുളം ജില്ലയിൽ കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 ശതമാനത്തോളം പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ.
ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 57 പേരിൽ 51 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. കഴിഞ്ഞ ദിവസവും സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണം 90 ശതമാനമായിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. സമ്പർക്ക വ്യാപനം ഏറ്റവും കൂടുതലുള്ളത് ചെല്ലാനം പഞ്ചായത്തിലാണ്. 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.
എറണാകുളം മാർക്കറ്റിൽ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ ബന്ധുവിൻ്റെ പരിശോധനാ ഫലവും ഇന്ന് പോസറ്റീവ് ആയി. കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്ന 68 വയസുള്ള നെടുമ്പാശേരി സ്വദേശിയും, 57 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
49 വയസുള്ള കാലടി സ്വദേശി, 29 വയസുള്ള വെങ്ങേല സ്വദേശി, 37 വയസുള്ള നായരമ്പലം സ്വദേശി, 43 വയസുള്ള തൃക്കാക്കര സ്വദേശി എന്നിവർക്ക് രോഗം പകർന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്ന് ഏഴ് പേരാണ് രോഗമുക്തി നേടിയത്.