ലഖ്‌നൗ: കൊവിഡ് സാമ്പിളുകളുടെ പരിശോധനക്കുള്ള കാമ്പയിന്‍ വ്യാഴാഴ്ച ആരംഭിക്കുന്നതിലൂടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യുപിയില്‍ വര്‍ധനവുണ്ടാകുമെങ്കിലും ഇത് കൊവിഡ് മരണ നിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലേറിയ, ഡെങ്കി എന്നീ രോഗങ്ങള്‍ സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നതില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മീററ്റ്, ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ബുലന്ദ്‌ഷാർ, ഹാപൂർ, ബാഗ്പത് എന്നീ ആറ് ജില്ലകളിൽ വ്യാഴാഴ്ച മുതൽ കൊവിഡ്-19 പരിശോധനക്കായി പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കി 17 ജില്ലകളില്‍ ജൂലൈ 5നും 15 നും ഇടയില്‍ കാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്ക വീക്ക രോഗ നിര്‍മാര്‍ജനത്തിനായി നടത്തിയ കാമ്പയിന്‍ പോലെയായിരിക്കണം ഇനി നടത്താനിരിക്കുന്ന കാമ്പയിനുകളെന്നും ആദിത്യനാഥ് പറഞ്ഞു.
മസ്തിഷ്ക വീക്ക രോഗം മൂലം 2016ലും 2017ലും 600ല്‍ അധികം ആളുകളാണ് സംസ്ഥാനത്ത് മരിച്ചതെന്നും പിന്നീട് നടത്തിയ കാമ്പയിനുകള്‍ വഴി 2018-2019 വര്‍ഷങ്ങളില്‍ മരണ നിരക്ക് കുറഞ്ഞ് 126 ആവുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 40 വർഷത്തിനിടയിൽ കിഴക്കൻ ഉത്തർപ്രദേശിൽ ആയിരക്കണക്കിന് കുട്ടികളെ കൊന്നൊടുക്കിയ മസ്തിഷ്ക വീക്ക രോഗം 60 ശതമാനവും മരണം 90 ശതമാനവുമായി കുറക്കാനായത് ഒരു നേട്ടമാണെന്നും ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കും സമാനമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും 75 ജില്ലകളിലും ഒരു കാമ്പയിൻ ആരംഭിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തെ 38 ജില്ലകളില്‍ മസ്തിഷ്ക വീക്ക രോഗ ബാധിതരുണ്ടെന്നും നഗരപ്രദേശങ്ങളില്‍ ഡെങ്കിപ്പനി ഭീഷണിയും നിരവധി സ്ഥലങ്ങളിൽ മലേറിയ, ചിക്കുൻഗുനിയ എന്നിവ പടര്‍ന്ന് പിടിക്കുന്നതായും ഇവയുടെ വ്യാപനം പരിശോധിക്കുന്നതിന് വകുപ്പുതല ഏകോപനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 24 കോടി ജനങ്ങൾ കൊറോണ വൈറസിനെതിരെയും ഡെങ്കു, മലേറിയ എന്നീ രോഗങ്ങള്‍ക്കെതിരെയും പോരാടി ജയിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.