തിരുവനന്തപുരം: പ്രളയ മേഖലകളിലെ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ടൗൺഷിപ്പ് അടക്കമുള്ള വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിരിക്കുന്നത്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളും സന്നദ്ധസംഘടനകളും നൽകിയ തുകയിൽ നിന്നും ഇതിനായി പണം വകയിരുത്താനാണ് സർക്കാർ നീക്കം. 2000 കോടി രൂപയോളം ചിലവ് വരുന്ന പദ്ധതികളാണ് തയ്യാറാകുന്നത്.
പ്രകൃതിദുരന്തം, അപകടങ്ങൾ, ഗുരുതര രോഗങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുക. എന്നാല്‍ ഈ കീഴ് വഴക്കം മറികടന്നാണ് പിണറായി സർക്കാരിന്‍റെ പുതിയ പദ്ധതി. ദുരിതാശ്വാസ നിധിയുടെ നിർവഹണ ചുമതലയുള്ള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അടക്കമുള്ള മന്ത്രിമാരെ യോഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.